പത്തനംതിട്ട: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 18 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.

സർക്കാർ ആയുർവേദ ഡിസ്പെൻസറികളായ പത്തനംതിട്ട, പള്ളിക്കൽ, കല്ലേലി, റാന്നി അങ്ങാടി, വള്ളംകുളം, പന്തളം തെക്കേക്കര, കവിയൂർ, കൊറ്റനാട് ആയുർവേദ സ്ഥാപനങ്ങളും സർക്കാർ ഹോമിയോ ഡിസ്പെൻസറികളായ പുതുശ്ശേരിമല, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂർ, കുറ്റപ്പുഴ, കുറ്റൂർ, പ്രമാടം, കുളനട, പന്തളം എന്നീ ഹോമിയോ സ്ഥാപനങ്ങളുമാണ് ജില്ലയിൽ എൻ എ ബി എച്ച് അംഗീകാരത്തിലേക്ക് ഉയർത്തപ്പെട്ടത്.

ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ ഉറച്ച ഒരു കർമ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകൾ രൂപീകരിച്ചു. ഒരോ ജില്ലയിലും എൻ എ ബി എച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേഴ്സിനെയും നിയോഗിച്ചിരുന്നു.

നാഷണൽ ആയുഷ് മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ആയുർവേദ, ഹോമിയോ വകുപ്പുകളുടെ നിരന്തരമായ പരിശ്രമഫലമായാണ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ 13 സ്ഥാപനങ്ങളാണ് ജില്ലയിൽ നിന്നും എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നത്.