- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിടെക് മാരത്തണിന് മുന്നോടിയായി ടെക്നോപാർക്കിൽ മിനി മാരത്തൺ; ഫെബ്രുവരി 11 ന് കൊച്ചി ഇൻഫോപാർക്കിൽ ജിടെക് മാരത്തൺ
തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) ആഭിമുഖ്യത്തിൽ ടെക്നോപാർക്കിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'നോ ടു ഡ്രഗ്സ്' പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 11 ന് കൊച്ചി ഇൻഫോപാർക്കിൽ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മാരത്തണായ ജിടെക് മാരത്തണിന് മുന്നോടിയായാണ് പ്രൊമോ ഇവന്റ് സംഘടിപ്പിച്ചത്.
അഞ്ച് കിലോമീറ്റർ മാരത്തൺ ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ഐടി കമ്പനികളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാരും നൂറിലധികം ടെക്കികളും മിനി മാരത്തണിൽ പങ്കാളികളായി. ഫ്ളാഷ് മോബ്, ബൈക്ക് റാലി, ലൈവ് മ്യൂസിക് കൺസേർട്ട് എന്നിവയ് ക്കൊപ്പം ആയിരത്തിലധികം ഐടി പ്രൊഫഷണലുകൾ അണിനിരക്കുന്ന ജിടെക് മാരത്തണിന് മുന്നോടിയായുള്ള ആദ്യ പ്രൊമോ കൊച്ചി ഇൻഫോപാർക്കിൽ സംഘടിപ്പിച്ചിരുന്നു.
മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് സർക്കാർ നടപ്പാക്കുന്ന 'നോ ടു ഡ്രഗ്സ്' പ്രചാരണ പരിപാടി വൻ വിജയമാണെന്ന് ടെക്നോപാർക്കിന്റെ മേധാവിയായി ജനുവരി 12 ന് ഒരുവർഷം പൂർത്തിയാക്കിയ കേണൽ സഞ്ജീവ് നായർ പറഞ്ഞു. പ്രചാരണത്തിന്റെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം ടെക്നോപാർക്കിൽ സംഘടിപ്പിച്ചിരുന്നു. രണ്ടാം പതിപ്പ് ഫെബ്രുവരിയിൽ കൊച്ചി ഇൻഫോപാർക്കിൽ നടക്കും. ഫിറ്റ്നസിലും സാമൂഹിക വിഷയങ്ങളിലും ഐടി പാർക്കുകളിലെ ടെക്കി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വർധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തെയും ദൂഷ്യവശങ്ങളെയും പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യമെന്ന് ജിടെക് ചെയർമാൻ വി.കെ മാത്യൂസ് പറഞ്ഞു. ചിന്തിക്കാൻ കഴിയുന്നതിലധികം വിപത്താണ് ലഹരി നിമിത്തം ഉണ്ടാകുന്നത്. 'നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നെസ്' എന്ന ഉറച്ച സന്ദേശവുമായി പ്രതിബദ്ധതയുള്ള സമൂഹം മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ്. കേരളത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള ജനകീയ മുന്നേറ്റമായി ഇത്തരം പ്രചാരണ പരിപാടികളെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ജിടെക് സെക്രട്ടറിയും റ്റാറ്റാ എൽഎക്സ്ഐ മേധാവിയുമായ വി. ശ്രീകുമാർ, എച്ച് ആൻഡ് ആർ ബ്ലോക്ക് വൈസ് പ്രസിഡന്റും എംഡിയുമായ ഹരിപ്രസാദ്, എസ്ബിഐ ബ്രാഞ്ച് മാനേജർ അനീഷ്, നടാനയിലെയും ജിടെക്കിലെയും അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജിടെക് മാരത്തണിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.gtechmarathon.com സന്ദർശിക്കുക..
സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകളടക്കം 300 ലധികം ഐടി കമ്പനികൾ ജിടെക്കിൽ അംഗങ്ങളാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസെന്റ്, ഐബിഎസ് സോഫ്റ്റ് വെയർ, യുഎസ്ടി, ഇവൈ, റ്റാറ്റാ എൽഎക്സ്ഐ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിലുൾപ്പെടുന്നു.



