ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് ഏറെ ഇഷ്ടം. തന്റെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വേണുഗോപാൽ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ഇടതുപക്ഷ സ്വാധീനം കാരണമാണെന്ന എം വി ഗോവിന്ദന്റെ അഭിപ്രായം ബാലിശമാണെന്നും കെസി കൂട്ടിച്ചേർത്തു.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടിയെടുക്കുന്ന തീരുമാനം ആരുടെയെങ്കിലും വകയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കുമെന്നും വേണുഗോപാൽ ചോദിച്ചു.