- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുതെറ്റാതെ മകൾ അടുത്തിരുന്ന് ശുശ്രൂഷിച്ചിട്ടും സുരേഷിനെ മരണം കൊണ്ടു പോയി; തൊണ്ടയിൽ കാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന സുരേഷ് വിടപറഞ്ഞു: കണ്ണീരിലായി ഒരു കുടുംബം
പാമ്പാടി: ആ സ്‌നേഹ സാമീപ്യം അക്ഷരയ്ക്ക് നഷ്ടമായി. മകളെ സ്‌നേഹത്തോടെ ചേർത്ത് നിർത്തി 'പൊന്നാപ്പ' എന്നു വിളിക്കാൻ ഇനി സുരേഷില്ല. തൊണ്ടയിൽ കാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന നെടുംകുന്നം വെള്ളാപ്പള്ളി വീട്ടിൽ വി.എ.സുരേഷ് (44) വിടപറഞ്ഞു. അച്ഛനോടുള്ള സ്‌നേഹം മൂലം സ്‌കൂളിൽ പോലും പോവാതെ മകൾ അടുത്തിരുന്ന് ശുശ്രൂഷിച്ചിട്ടും സുരേഷിനെ മരണം കൊണ്ടുപോവുക ആയിരുന്നു.
ഇന്നലെ വൈകിട്ട് 6.20നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. സംസ്‌കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും. രോഗക്കിടക്കയിലായ അച്ഛൻ സുരേഷിനെ, സ്‌കൂളിൽപോലും പോകാതെ രണ്ടു വർഷമായി പരിചരിച്ചു കഴിയുകയായിരുന്നു അക്ഷര. ഈ കുരുന്നിന്റെ പിതൃ സ്‌നേഹേം അന്ന് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.
അമ്മ സുനിതയും ചേട്ടൻ ആകാശും അടങ്ങുന്ന അക്ഷരയുടെ കുടുംബം സുരേഷ് അസുഖബാധിതനായതോടെ പ്രയാസത്തിലായിരുന്നു. ചുമട്ടുതൊഴിലാളിയായ സുരേഷിന്റെ ഏകവരുമാനത്തിലാണു കുടുംബം കഴിഞ്ഞിരുന്നത്. സുരേഷ് അസുഖ ബാധിതനായതോടെ ഒരു കുടുംബം മുഴുവനുമാണ് ദുരിതക്കയത്തിൽ മുങ്ങിയത്.
മനോരമ വാർത്തയെത്തുടർന്നു കോത്തല എൻഎസ്എസ് സ്‌കൂളിൽ അക്ഷരയ്ക്കു പഠനാവസരം ഒരുക്കിയിരുന്നു. ഒട്ടേറെപ്പേർ സഹായവുമായി എത്തി. ഇന്നലെ നവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു.തോമസ് മെഡിക്കൽ കോളജിലെത്തി കുടുംബത്തിനു സഹായം കൈമാറിയിരുന്നു.
സുനിതയുടെ കൂട്ടുകാർ കൂലിപ്പണി എടുക്കുന്നതിൽ ഒരു ഭാഗം സുരേഷിന്റെ ചികിത്സയ്ക്കായി നീക്കിവച്ചിരുന്നു. സുരേഷിനെ മെഡിക്കൽ കോളജിലേക്കു മാറ്റിയപ്പോൾ അക്ഷരയ്ക്കു മുടിയൂർക്കര ഗവ. എൽപി സ്‌കൂളിൽ പഠിക്കാനുള്ള സൗകര്യം കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.