- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ കൗണ്ട് ഡൗൺ ആരംഭിച്ചു
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2024 കൗണ്ട് ഡൗൺ ആരംഭിച്ചു. ലേ മെരിഡീയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാരത്തണിൽ പങ്കെടുക്കാനുള്ള ആദ്യ ബിബ് രക്ഷാ സൊസൈറ്റി ചെയർമാൻ ഡബ്യു സി തോമസിന് കൈമാറി. കേരളത്തിന്റെ വളർന്നു വരുന്ന കായിക സംസ്കാരത്തിൽ വലിയ പങ്കാണ് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ വഹിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ശാരീരിക അവശതകളെ അതിജീവിച്ച് എഷ്യയിലാദ്യമായി കൈകളില്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ തൊടുപുഴ സ്വദേശിനി ജിലുമോൾ മാരിയറ്റ് ജോമസിനെ ചടങ്ങിൽ ആദരിച്ചു. മുൻ ഇന്ത്യൻ നെറ്റ് ബോൾ ടീം ക്യാപ്റ്റനും സിനിമാ താരവുമായ പ്രാചി തെഹ്ലാൻ, ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡിഐജി എൻ രവി, സതേൺ നേവൽ കമാൻഡ് കമാൻഡർ സൂപ്രണ്ട് സന്ദീപ് സബ്നിസ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. എസ് എച്ച് പങ്കപകേശൻ, ഡോ. ചർവകൻ, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് കെ. പോൾ, ബൈജു പോൾ, ശബരി നായർ, എം.ആർ.കെ. ജയറാം, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ പ്രൊജക്ട് ഹെഡ് വിപിൻ നമ്പ്യാർ, കൺസൾട്ടന്റ് ജോസഫ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ മനോഹരമായ അന്തരീക്ഷവും മാരത്തൺ റൂട്ടും ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള ഓട്ടക്കാർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെയും ആരോഗ്യ സംരക്ഷണത്തിനായി ഫെഡറൽബാങ്ക് കൊച്ചി മാരത്തണിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എംവി എസ് മൂർത്തി പറഞ്ഞു. ഭിന്നശേഷി സൗഹൃദ മാരത്തൺ ആണ് ഇത്തവണ നടക്കുന്നത്. ഇത്തവണ പതിനായിരം ഓട്ടക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 11ന് ലോക അത്ലറ്റിക് ഫെഡറേഷൻ അംഗീകൃത മാരത്തൺ റൂട്ടിലാണ് ഇത്തവണയും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ നടക്കുക.
42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങൾക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാർക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വേണ്ടി സ്പെഷ്യൽ റൺ സംഘടിപ്പിക്കുന്നുണ്ട്. രക്ഷ സൊസൈറ്റിയുമായി ചേർന്നാണ് ഒരു കിലോമീറ്റർ സ്പെഷ്യൽ റൺ നടക്കുക. പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്ലിയോസ്പോർട്സാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അത്ലറ്റുകൾക്കൊപ്പം ഇത്തവണ വിദേശ അത്ലറ്റുകളും പങ്കെടുക്കും. ഓൺലൈൻ രജിസ്ട്രേഷന് www.kochimarathon.in സന്ദർശിക്കുക.



