- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ കൈവശമില്ലെങ്കിൽ കടലിൽ പോകുന്നവർക്ക് 1000 രൂപ പിഴ
കോഴിക്കോട്: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കുക. മീൻ പിടിക്കാനായി കടലിൽ പോകുന്ന സമയത്ത് ആധാർകാർഡ് കൈവശം വെച്ചില്ലെങ്കിൽ 1000 രൂപ പിഴനൽകേണ്ടി വരും. തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ആഭ്യന്തരസുരക്ഷ കണക്കിലെടുത്തും ഈ നിയമം കർശനമാക്കാനാണ് സർക്കാർ നീക്കം. കടൽമാർഗമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.
സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിങ്ങും സ്പെഷ്യൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരസുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്. കടലിൽപോകുന്നവർ തിരിച്ചറിയൽകാർഡ് കരുതണമെന്ന് 2018-ൽ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ വ്യവസ്ഥ ഇപ്പോഴാണ് കർശനമാക്കുന്നത്. കടൽവഴി ലഹരിക്കടത്തു നടക്കുന്നതായും തീവ്രവാദ സംഘടനയിൽപ്പെട്ടവർ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്.
വഞ്ചികളിലും ബോട്ടുകളിലും മീൻപിടിക്കാൻ പോകുന്നവർ ആരെല്ലാമാണെന്ന് അതിന്റെ ഉടമകൾക്കുതന്നെ അറിയാത്ത സ്ഥിതിയുണ്ട്. കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. എന്നാൽ ഇവർ ആരെല്ലാമെന്ന് ബോട്ടുടമകൾക്ക് യാതൊരു ധാരണയും ഇല്ല. ബംഗാളിൽനിന്നും ഒഡിഷയിൽനിന്നും ഉള്ളവരാണ് തീരദേശങ്ങളിൽ തമ്പടിച്ച് ഈ ജോലിയിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും. എന്നാൽ ഇവരെ കുറിച്ച് വ്യക്തമായ ധാരണകൾ ആർക്കും ഇല്ല.
വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇവരിൽ പലരും മത്സ്യത്തൊഴിലാളികൾ എന്ന പേരിൽ പണിയെടുക്കുന്നത്. മീൻപിടിക്കാൻ പോവുമ്പോൾ ആധാർ കാർഡ് കൈവശം വെക്കാൻ നിർബന്ധിക്കുന്നതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കടൽക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളിൽ യഥാർഥ രേഖകൾ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു. രേഖകളുടെ പകർപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.



