- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദനമരം മുറിച്ചുകടത്തി; കൂടാളി കാഞ്ഞിരോട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ മൂന്നുപേരെ പഴയങ്ങാടി പൊലിസ് അറസ്റ്റു ചെയ്തു. കൂടാളി കാഞ്ഞിരോട് മക്കമസ്ജിദിന് സമീപത്തെ ആയിഷ വില്ലയിലെ എ.റാഫി(39) പട്ടാന്നൂർ നായാട്ടുപാറയിലെ നെടുകുളത്ത് തലക്കാട്ട് വീട്ടിൽ ബിജു(36) പഴശി നെല്ലൂന്നിയിലെ കോയാടൻ വീട്ടിൽ പ്രസാദ്(39) എന്നിവരെയാണ് കണ്ണൂർ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പഴയങ്ങാടി പൊലിസ് അറസ്റ്റു ചെയ്തത്.
ഇവരുടെ കൂട്ടുപ്രതിയായ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. മട്ടന്നൂർ നഗരസഭയിലെ നെല്ലൂന്നിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ജനുവരി ഒൻപതിനാണ് ഏഴോംകണ്ണോത്തെ പ്രവാസിയായ മോഹനന്റെ വീട്ടുപറമ്പിൽ നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന ചന്ദനമരം പിടിയിലായ സംഘംമുറിച്ചു കടത്തിയത്. മോഹനന്റെ ബന്ധുവായ ആർട്ടിസ്റ്റ് പ്രദീപ് കുമാറിന്റെ പരാതിയിൽ കേസെടുത്ത പഴയങ്ങാടി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ ചൊവ്വാഴ്ച്ച രാത്രി മട്ടന്നൂർ നെല്ലൂന്നിയിൽ നിന്നും പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് രാമന്തളി ശങ്കരനാരായണ ക്ഷേത്രപറമ്പിൽ നിന്നും ചന്ദനമരം മോഷണം പോയിരുന്നു. ഇതിനു പിന്നിലും ഈസംഘമാണോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ ചക്കരക്കൽ ഇരിവേരിയിലും വീട്ടുപറമ്പിൽ നിന്നും ചന്ദനം മുറിച്ചു കടത്തിയ കേസിലെ പ്രതികളെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ആളൊഴിഞ്ഞ വീട്ടുപറമ്പിൽ നിന്നാണ് മോഷ്ടാക്കൾ ലക്ഷങ്ങൾ വിലപിടിപ്പുള്ള ചന്ദനമരം മുറിച്ചുകടത്തുന്നത്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ചന്ദനമരമുള്ള മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ വിവിധപ്രദേശങ്ങളിൽ കാസർകോട്ടുനിന്നുള്ള സംഘങ്ങൾ ഉൾപ്പെടെ ചന്ദനമരം മുറിച്ചു കടത്താറുണ്ട്. എന്നാൽ ഇത്തരം കേസുകളിലെപ്രതികളെ പൊലിസിന് പിടികൂടാൻ കഴിയാത്തതു കാരണം സ്ഥല ഉടമകൾ അരക്ഷിതാവസ്ഥയിലാണ്.



