തിരുവനന്തപുരം: വർക്കലയിൽ തിരയിൽപ്പെട്ട മെക്സിക്കൻ സ്വദേശിനി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി. രാവിലെ 11.30 മണിയോടെ വർക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ചിൽ നീന്തുമ്പോഴാണ് 28 കാരിയായ യുവതി അപകടത്തിൽപ്പെട്ടത്. മെക്സിക്കൻ സ്വദേശിനി ആൻഡ്രിയ ആണ് അപകടത്തിൽ പെട്ടത്.

200 മീറ്ററോളം കടലിലേക്ക് അകപ്പെട്ട യുവതിയെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും സമയോചിതമായി ഇടപെടൽ നടത്തി രക്ഷപ്പെടുത്തുകയായിരുന്നു. സ്പീഡ് ബോട്ടിൽ യുവതിയെ കരയ്ക്ക് എത്തിച്ച ശേഷം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിൽസ നൽകി. തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിക്ക് ചെറിയ രീതിയിൽ മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു.