കുമ്പളാംപൊയ്ക: സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്കു ഗുരുതരമായി പരുക്കേറ്റു. തലച്ചിറ കൈനിക്കര വീട്ടിൽ സുഭാഷ് (52), ഭാര്യ രജിത (48) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാരക്കുളഞ്ഞി പമ്പ ശബരിമല പാതയിലെ കുമ്പളാംപൊയ്ക നരിക്കുഴിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ആണു സംഭവം.

സുഭാഷ് ഓടിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ പിന്നിലിരിക്കുകയായിരുന്നു. വടശേരിക്കര നിന്നു കുമ്പളാംപൊയ്ക ഭാഗത്തേക്കെത്തുകയായിരുന്നു ഓട്ടോ. പത്തനംതിട്ട നിന്നു സീതത്തോട്ടിലേക്കു പോയ സ്വകാര്യ ബസുമായിട്ടാണ് ഇടിച്ചത്. ഓട്ടോ പൂർണമായി തകർന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയിട്ടാണ് ഇരുവരേയും മെഡിക്കൽ കോളജിലേക്കു മാറ്റിയത്.