കൊച്ചി: പെരുമ്പാവൂർ സ്‌കൂൾ ബസ് അപകടത്തിൽ അലക്ഷ്യമായി ബസ് ഓടിച്ച ബസ് ഡ്രൈവർ ഉമ്മറിന്റെ ലൈസൻസ് റദ്ദ് ചെയ്തു. പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി സ്‌കൂൾ ബസ്സിനടിയിൽപ്പെട്ട സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ജനുവരി 12-നായിരുന്നു അപകടം.

സ്‌കൂൾ ബസ്സിൽ നിന്ന് ഇറങ്ങി സഹോദരിയോടൊപ്പം ബസിന്റെ മുന്നിലൂടെ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സ്‌കൂൾ ബസ് ഡ്രൈവറായ ഉമ്മർ അലക്ഷ്യമായി വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബസിന്റെ ഇരുചക്രങ്ങൾക്കും ഇടയിൽപ്പെട്ടതിനാൽ പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവരുകയും സ്‌കൂൾ ബസ് ഡ്രൈവർ അലക്ഷ്യമായി ബസ് ഓടിച്ചതിനെതിരേ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം വിഡി ബസ് ഡ്രൈവർക്കെതിരേ നടപടി സ്വീകരിച്ചത്.