- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികൾ എന്നതരത്തിൽ വ്യാജവീഡിയോ; പൊലീസ് കേസെടുത്തു
പത്തനംതിട്ട: ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികൾ എന്നതരത്തിലുള്ള സെൽഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം, ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഓ ജോബിൻ ജോർജാണ സ്വമേധയാ കേസ് എടുത്തത്.
രാജേഷ് എന്ന യുവാവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് ഇത്തരത്തിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ശേഷം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൈബർ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെൽഫി വീഡിയോ ചിത്രീകരിച്ച തരത്തിൽ വ്യാജമായി നിർമ്മിച്ച വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.
തുടർന്ന്, മതവികാരം വ്രണപ്പെടുത്തിയതിനും, ശബരിമല വിശ്വാസികളുടെ മനസ്സുകളിൽ മുറിവുളവാക്കി സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ മനപ്പൂർവം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും ചേർത്താണ് കേസെടുത്തത്. വ്യാജവീഡിയോ നിർമ്മിച്ച് ഇൻസ്റ്റഗ്രാമിലൂടെ യഥാർത്ഥ ദൃശ്യമെന്ന തരത്തിൽ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്