- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപരമായ അവകാശ രേഖകൾ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരും; ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറിയവർക്ക് പട്ടയം നൽകരുതെന്ന് ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയിൽ കൈവശ ഭൂമിയിൽ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങൾക്കു രേഖകളില്ലാത്ത ആർക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നൽകരുതെന്നു ഹൈക്കോടതി. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവിൽ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട വ്യവസ്ഥകൾ തന്നെ പരിശോധിക്കാൻ കോടതി തീരുമാനിച്ചതിനാൽ അത് സംസ്ഥാനമൊട്ടാകെ പ്രതിസന്ധിയാകും.
കൈവശക്കാരെന്ന പേരിൽ മൂന്നാർ മേഖലയിൽ കയ്യേറ്റക്കാർക്കു പട്ടയം നൽകുകയാണെന്ന് ആരോപിച്ച് 'വൺ എർത്ത് വൺ ലൈഫ്' നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ അവകാശ രേഖകൾ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരുമെന്നാണ് കോടതിയുടെ നിലപാട്.
1964 ലെ കേരള ഭൂപതിവു ചട്ടപ്രകാരം കൈവശഭൂമിക്കു പട്ടയം നൽകുന്നതിനു മാത്രമാണ് ഉത്തരവു ബാധകം. ഇത്തരം പട്ടയ വിതരണം നിർത്തിവയ്ക്കാൻ ഇടുക്കി കലക്ടർക്കും അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. അതേസമയം, ഭൂരഹിതർ, ആദിവാസികൾ, വിമുക്തഭടന്മാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കുള്ള പട്ടയ നടപടികളെ ഉത്തരവു ബാധിക്കില്ല.
ഭൂമി കയ്യേറിയവർക്കു പോലും പട്ടയം നൽകാൻ അധികാരപ്പെടുത്തുന്ന ഭൂപതിവു ചട്ടത്തിന്റെ 5,7 വ്യവസ്ഥകളുടെ സാധുത പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി.