- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ജനകീയ പുഴയോരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും
പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജനകീയ പുഴയോരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹരിത കേരളം മിഷൻ ക്യാമ്പയിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള വിവിധോദ്ദേശ പദ്ധതിയാണ് ഭാരതപ്പുഴ പുനരുജ്ജീവനം. ഭാരതപ്പുഴയെ വിവിധ പ്രവർത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലലഭ്യത വർധിപ്പിക്കുകയും അതുവഴി ജില്ലയിലെ കാർഷിക-കുടിവെള്ള മേഖലയിൽ വികസനവും ജലസുരക്ഷയും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി പച്ചത്തുരുത്തുകളുടെ നിർമ്മാണവും സംരക്ഷണവും ജലസ്രോതസുകളുടെ നിർമ്മാണവും പുനരുജ്ജീവനവും സംരക്ഷണവും എല്ലാ ജലസ്രോതസുകളെയും മാലിന്യരഹിത ജലാശയങ്ങളാക്കി മാറ്റുന്നതും ലക്ഷ്യമാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ജലാശയങ്ങളെയും മാലിന്യമുക്തമാക്കുന്നതിനുള്ള ബൃഹത്തായ ജനകീയ ക്യാമ്പയിൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയാണ്.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നദികളുടെയും പുഴയോരങ്ങൾ ജനകീയമായി ശുചീകരിക്കുകയും പുഴയോരങ്ങൾ ഹരിതതീരങ്ങളാക്കി മാറ്റുകയും ചെയ്യും. ഇതോടൊപ്പം പുഴയോരങ്ങളിലെ മാലിന്യസംസ്കരണം ഏകോപിതവും സുസ്ഥിരവുമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കർമ്മ സേനയെ ശാക്തീകരിച്ച് 100 ശതമാനം മാലിന്യശേഖരണം ഉറപ്പുവരുത്തുക, എല്ലാ വാർഡുകളിലും മതിയായ മിനി എം.സി.എഫുകൾ നിർമ്മിക്കുക, മിനി എം.സി.എഫുകളിൽനിന്നും എം.സി.എഫുകളിലേക്കും എം.സി.എഫുകളിൽനിന്ന് നിർദേശിക്കപ്പെട്ട രീതിയിൽ മാലിന്യനീക്കം ഉറപ്പാക്കുക, എല്ലാ വാർഡുകളിലും ഗാർഹിക സ്ഥാപനതലങ്ങളിൽ ജൈവമാലിന്യ സംവിധാനങ്ങൾ വ്യാപകമാക്കുക, ശുചീകരിക്കപ്പെട്ട പുഴയോരം സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളും ഏറ്റെടുക്കും.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല-ഡിവിഷൻതല-തദ്ദേശതല സംഘാടക സമിതിക്ക് രൂപം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കോർ കമ്മിറ്റിയാണ് മഹാശുചീ കരണ യജ്ഞത്തിന് നിർദേശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. നവകേരളം കർമ്മ പദ്ധതി-ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി പ്രവർത്തന പുരോഗതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, കോർ കമ്മിറ്റി അംഗങ്ങളായ വൈ. കല്യാണകൃഷ്ണൻ, പ്രൊഫ. ബി.എം. മുസ്തഫ, സി. നാരായണൻകുട്ടി, പി.ഡി. സിന്ധു. അലീന, സുമൻചന്ദ്രൻ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പ്രതിനിധികൾ, മറ്റ് കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



