- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു; അഞ്ചാം ബ്ളോക്കിൽ നിന്നും കണ്ടെത്തിയത് സ്മാർട്ട്ഫോൺ ഉൾപ്പെടെ രണ്ടുമൊബൈൽ; മയക്കുമരുന്ന് കേസിലെ പ്രതിയെ തിരഞ്ഞു പോയ പൊലീസ് ഇരുട്ടിൽ തപ്പുന്നു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും കനത്ത സുരക്ഷാവീഴ്ച്ച.തടവുകാരന്റെ സെല്ലിൽ നിന്നും ഹാഷിഷ് ഓയിലും രണ്ടു മൊബൈൽ ഫോണുകളും പിടികൂടി. മൂന്നാം ബ്ളോക്കിലെ കാപ്പതടവുകാരൻ തൃശൂർ സ്വദേശി സുഗേഷിൽ നിന്നാണ് അഞ്ച് മില്ലിലിറ്റർ ഹാഷിഷ്ഓയിൽ പിടിച്ചെടുത്തത്. ഹോമിയോ മരുന്ന് കുപ്പിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഹാഷിഷ്ഓയിൽ. അഞ്ചാംബ്ളോക്കിൽ നിന്നാണ് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
കഴിഞ്ഞദിവസം രാത്രി ജയിൽ അധികൃതർ വിവിധ ബ്ളോക്കുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മൊബൈൽ ഫോണും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. ഒരുസ്മാർട്ട് ഫോണും ഒരുസാധാരണ ഫോണുമാണ്പിടിച്ചെടുത്തത്. രണ്ടും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ജയിൽസൂപ്രണ്ട് പി.വിജയന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
ഇതിനിടെ, കണ്ണൂർ സെൻട്രൽ ജയിലിലെ എം.ഡി. എം. കടത്ത് കേസിലെ ശിക്ഷാതടവുകാരൻ ചാല കോയ്യോട് ടി സി ഹർഷാദിനായി പ്രത്യേക അന്വേഷണ സംഘം ബംഗ്ളൂരിൽ തെരച്ചിൽ ഊർജ്ജിതമാക്കി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇയാൾ ജയിൽ ചാടി രക്ഷപ്പെടാനായി ഉപയോഗിച്ച ബൈക്ക് ബെംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു സിറ്റിക്കടുത്ത് വാഹനങ്ങൾ വാടകക്ക് നൽകുന്ന കടയിൽ നിന്നാണ് ബൈക്ക് വാടകക്ക് എടുത്തത്.
ഹർഷാദിന്റെ സുഹൃത്താണ് ബൈക്ക് വാടകക്ക് എടുത്തതെന്നും അന്വേഷണ സംഘം കണ്ടെത്തി. കണ്ണൂരിൽ സെൻട്രൽ ജയിലിന് മുൻപിൽ നിന്ന് ഹർഷാദുമായി ബൈക്കിൽ തന്നെയാണ് ബെംഗളൂരു വരെ യാത്ര ചെയ്തത്. രാത്രിയോടെ ബെംഗളൂരുവിൽ എത്തിയ ശേഷം ബൈക്ക് വാടകക്ക് എടുത്ത കടയുടെ തൊട്ടു മുന്നിലുള്ള കെട്ടിടത്തിന് പിറകിൽ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും കടന്ന് കളയുകയായിരുന്നു.
ജയിൽ ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. എസിപി ടി കെ രത്നകുമാറിന്റെയും ടൗൺ പൊലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ഹർഷാദിനും സഹായിക്കുമായി ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹർഷാദിന്റെ സുഹൃദ് സംഘത്തിന്റെ താവളങ്ങളിലും പൊലിസ് പരിശോധന നടത്തി. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. ഹർഷാദ് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസിറക്കിയിട്ടുണ്ട്. നേരത്തെ വ്യാജപാസ്പോർട്ടിനായി ഇയാൾ ശ്രമിച്ചിരുന്നുവെന്ന് ജയിലിൽ സന്ദർശകനായ സുഹൃത്ത് നൽകിയ മൊഴിയെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
വിദേശത്ത് പ്രത്യേകിച്ചു ഗൾഫിൽ ഹർഷാദിനെ ബന്ധങ്ങളുണ്ടെന്ന് നേരത്തെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ പ്രതിയെങ്ങോട്ടു പോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരാത്ത സഹാചാര്യത്തിൽ കർണാടക പൊലിസിന്റെ സഹായം തേടാൻ കണ്ണൂരിലെ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ബംഗ്ളൂരിലും മറ്റിടങ്ങളിലും സംയുക്തതെരച്ചിലാണ് നടത്തുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്