കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ അടച്ചിട്ട ഫ്‌ളാറ്റ് കുത്തിത്തുറന്ന് മോഷണം. കള്ളന്മാർ ഫ്‌ളാറ്റിൽ സൂക്ഷിച്ചിരുന്ന 17 പവനും അരലക്ഷം രൂപയും കവർന്നു. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരി പ്രവീണിന്റെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. പ്രവീണും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്ത് ഫ്‌ളാറ്ര് കുത്തിത്തുറന്ന് മോഷണം നടത്തുക ആിരുന്നു. സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം തുടങ്ങി.

കണ്ണൂരിൽ സ്റ്റാർ ഗോൾഡ് എന്ന പേരിൽ സ്വർണ്ണക്കട നടത്തുകയാണ് പ്രവീണും കുടുംബവും. ആറു വർഷമായി ലിവ് ഷോർ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. ഇന്നലെ പതിവുപോലെ മക്കളെ സ്‌കൂളിലാക്കി ഭാര്യയും ഭർത്താവും പുറത്തുപോയി. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.

തൊട്ടടുത്ത അടച്ചിട്ട രണ്ടു ഫ്‌ളാറ്റുകളുടെയും വാതിൽ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്നും അന്വേഷണം ഊര്ജിതമാണെന്നും പൊലീസ് അറിയിച്ചു.