ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം കിട്ടിയതായും പങ്കെടുക്കുമെന്നും നിത്യാനന്ദ., ലൈംഗികാതിക്രമം അടക്കമുള്ള കേസുകളിൽ ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് സ്വയംപ്രഖ്യാപിത ഗുരു നിത്യാനന്ദ. ചടങ്ങിന്റെ ഷെഡ്യൂളും നിത്യാനന്ദ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇനി അറിയേണ്ടത് ചടങ്ങിന് എത്തുമോ എന്നതാണ്.

"പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ശ്രീരാമൻ പ്രവേശിക്കുകയും ലോകത്തെ അനുഗ്രഹിക്കുന്നതിനായി ഇറങ്ങുകയും ചെയ്യും. ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് പാഴാക്കരുത്" നിത്യാനന്ദ എക്‌സ് പ്ലാറ്റ്‌ഫോമിൽ അഭിപ്രായപ്പെട്ടു. ബലാത്സംഗ കേസ് പ്രതിയാണു നിത്യാനന്ദ. 2010ൽ നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയിൽ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം കിട്ടി.

നിത്യാനന്ദ രാജ്യം വിട്ടതായി 2020ൽ ഇതേ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. നിത്യാനന്ദ എവിടെയാണുള്ളതെന്ന് വ്യക്തമല്ല. ഇതിനിടെ സ്വന്തം രാജ്യം സ്ഥാപിച്ചതായും മറ്റും നിത്യാനന്ദ സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു.