- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഡ്സ് സംസ്ഥാന കലോത്സവം; കിരീടം സ്വന്തമാക്കി വയനാട്
ധർമടം: കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവത്തിൽ വയനാട് ജില്ല കിരീടം അണിഞ്ഞു. 43 പോയിന്റോടെയാണ് വയനാട് കലാകിരീടം സ്വന്തമാക്കിയത്. 37 പോയിന്റോടെ തൃശ്ശൂർ രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം മൂന്നാംസ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ കലാരത്നമായി അമയ അശോകനെയും ജൂനിയർ വിഭാഗം കലാരത്നമായി വി.ജെ. അജുവിനെയും തിരഞ്ഞെടുത്തു. വയനാട് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.
ലളിതഗാനത്തിൽ ഒന്നാംസ്ഥാനവും നാടൻപാട്ടിൽ രണ്ടാം സ്ഥാനവും നേടിയാണ് അമയ കലാരത്‌നം നേടിയത്. ഗ്രൂപ്പ് ഇനങ്ങളായ ഒപ്പനയിൽ രണ്ടാം സ്ഥാനവും സംഘനൃത്തത്തിൽ ഒന്നാം സ്ഥാനവും അമേയയുടെ സംഘം നേടി. ചെണ്ട, നാടോടിനൃത്തം, സംഘനൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഒപ്പനയിൽ രണ്ടാം സ്ഥാനവും നേടിയാണ് വി.ജെ. അജു കലാരത്നത്തിന് അർഹനായത്.
ഇതോടൊപ്പം കീബോർഡ് വായനയിലും അജു പങ്കെടുത്തിരുന്നു. അജു വരച്ച ചിത്രമാണ് രാഷ്ട്രപതി ദ്രൗപതി മുർമു ആദ്യമായി കേരളത്തിൽ വന്നപ്പോൾ ഉപഹാരമായി നൽകിയത്. ബഡ്സ് വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്ന പ്രദർശന സ്റ്റാളുകളിൽ ഏറ്റവും മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം ആലപ്പുഴ, എറണാകളം, കണ്ണൂർ, കൊല്ലം ജില്ലകൾ നേടി.
സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യാതിഥിയായി. കോർപ്പറേഷൻ മേയർ ഇൻ ചാർജ് കെ. ഷബീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി. ഗംഗാധരൻ, ധർമടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സീമ, ബൈജു നങ്ങാറത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്, അഞ്ചരക്കണ്ടി ബി.ആർ.സി. വിദ്യാർത്ഥി പി.പി. ആദിഷ് തുടങ്ങിയവർ പങ്കെടുത്തു.



