കോട്ടയം: അയോധ്യയിലെ പ്രാണപ്രതിഷ്ഠ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോട്ടയത്തെ രാമപുരം രാമക്ഷേത്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ കേരളത്തിലെ ജനങ്ങൾ ഒറ്റമനസ്സോടെ ഏറ്റെടുത്തുവെന്നാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ഭക്തജനത്തിരക്ക് തെളിയിക്കുന്നത്. കോൺഗ്രസ്, സിപിഎം. നേതാക്കളുടെ നിലപാടിനെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതാദ്യമായാണ് ഇടത് വലത് മുന്നണികളുടെ ആഹ്വാനത്തെ ജനം ഒരുമിച്ച് തള്ളിപ്പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇനിയെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്ന് എൽ.ഡി.എഫും യു.ഡി.എഫും പിന്തിരിയണം. ചിത്രയ്ക്കും ശോഭനക്കും എതിരായ ആക്രമണങ്ങളെ എം വി ഗോവിന്ദന് തള്ളിപ്പറയേണ്ടിവന്നു. മുഴുവൻ മത-സാമുദായിക സാംസ്‌കാരിക സംഘടനകളും അയോധ്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.