ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഓട്ടോയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. 5000 രൂപ പിഴയും ഒടുക്കണം. ഇടുക്കി തങ്കമണി സ്വദേശി രജീഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2023-ലാണ് കേസിനാപ്ദമായ സംഭവം.

ഓട്ടോഡ്രൈവറായിരുന്ന പ്രതി വീട്ടിലേക്ക് പോകുംവഴി പരിചയക്കാരിയായ കുട്ടിയേയും രണ്ട് കൂട്ടുകാരികളെയും കരിമ്പനിൽനിന്നും ഓട്ടോറിക്ഷയിൽ കയറ്റി. കൂട്ടുകാരികൾ ഇറങ്ങിയശേഷം മുമ്പോട്ടുപോയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വാഹനം നിർത്തി പുറത്തിറങ്ങി പിൻസീറ്റിലിരുന്ന കുട്ടിയെ കയറിപിടിക്കുകയായിരുന്നു. ഇടുക്കി പൊലീസ് കുറ്റപത്രം നൽകിയ കേസിൽ 10 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.