കാസർകോട്: നാടൻകലാ ഗവേഷണ പാഠശാല സംസ്ഥാന സാഹിത്യശ്രേഷ്ഠ-കലാശ്രേഷ്ഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രനും കലാശ്രേഷ്ഠ പുരസ്‌കാരത്തിന് സജി മാടപ്പാട്ടും അർഹരായി.

11,111 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് വൈകീട്ട് നാലിന് കോഴിക്കോട് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാഠശാല ചെയർമാൻ ചന്ദ്രൻ മുട്ടത്ത്, പ്രോഗ്രാം ഓഫീസർ വത്സൻ പിലിക്കോട്, ജനറൽ കൺവീനർ സജീവൻ വെങ്ങാട്ട് എന്നിവർ പങ്കെടുത്തു.