അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളറയ്ക്കുസമീപം ഓട്ടോറിക്ഷ ബൈക്കിലിടിച്ച്, ബൈക്ക് യാത്രികനായ എൻജിനിയറിങ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത്ത് രാജു (21)വിനെയാണ് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്.

അപകടത്തിൽ, അടിമാലി ഇരുനൂറേക്കർ പരുത്തിക്കാട്ടുകുടി മീരാസ് മൗലവിയുടെ മകൻ ബാദുഷ (23) ആണ് മരിച്ചത്. ജനുവരി 25-ന് രാത്രി എട്ടരയോടെ ആയിരുന്നു അപകടം.

കോതമംഗലത്തെ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ബാദുഷ അടിമാലിയിലെ വീട്ടിലേക്ക് ബൈക്കിൽ വരുംവഴി വാളറ കുത്തിനുസമീപം അജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ ബാദുഷയുടെ തലയ്ക്ക് ക്ഷതമേറ്റു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെപോയ ഓട്ടോറിക്ഷ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.