കണ്ണൂർ: വില്പനയ്‌ക്കെത്തിച്ച 40.64 ഗ്രാം ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കരിയാട് സ്വദേശി കെ.കെ. മുഹമ്മദ് ബാഷിത്തിനെ (28) ആണ് കണ്ണൂർ എ.സി.പി. കെ.വി. വേണുഗോപാലിന്റെ സ്‌പെഷ്യൽ സ്‌ക്വാഡും ടൗൺ എസ്‌.െഎ. പി.പി. ഷമീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് അറസ്റ്റ്ചെയ്തത്. വിപണിയിൽ മൂന്നുലക്ഷത്തിലധികം രൂപ വിലവരുന്ന ബ്രൗൺഷുഗറാണ് പിടിച്ചത്.

ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കണ്ണൂരിൽ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ വന്നിറങ്ങിയ യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പാന്റ്സിന്റെ കീശയിൽ സൂക്ഷിച്ച ബ്രൗൺ ഷുഗർ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ബൗൺഷുഗർ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കണ്ണൂരിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസം മുൻപ് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗസംഘത്തിൽനിന്ന് 158 ഗ്രാം എം.ഡി.എം.എ.യും 112 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചിരുന്നു.