- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശംഖ് മുഴക്കിയതോടെ ഓട്ടം തുടങ്ങി ആനകൾ; ഗുരുവായൂർ ഗോപുരവാതിൽ കടന്ന് ആദ്യമെത്തിയത് ഗോപീ കണ്ണൻ; വിജയിയാകുന്നത് ഒമ്പതാം തവണ
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോപീ കണ്ണൻ ഒന്നാമത്. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. സുരക്ഷാ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമായിരുന്നു ആനയോട്ടത്തിൽ പങ്കെടുത്തത്.
ക്ഷേത്രനാഴികമണി മുന്നടിച്ചതോടെ പാരമ്പര്യ അവകാശികളായ കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ അവകാശിയായ മാതേപ്പാട്ട് നമ്പ്യാർക്ക് കുടമണികൾ കൈമാറി. പിന്നീട് മണികൾ പാപ്പാന്മാർക്ക് കൈമാറിയതോടെ അവർ മഞ്ജുളാൽവരെ ഓടിയെത്തി കുടമണികൾ ആനകളെ അണിയിച്ചു.
കാർത്തിക് ജെ. മാരാർ ശംഖ് മുഴക്കിയതോടെ ആനകൾ ഓട്ടം തുടങ്ങി. തുടക്കത്തിലേ ഗോപീകണ്ണനായിരുന്നു മുന്നിൽ. കുതിച്ചെത്തി ഗോപുര വാതിൽ കടന്ന് ക്ഷേത്രത്തിനകത്തോക്ക് പ്രവേശിച്ചതോടെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.
ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം പൂർത്തിയാക്കിയ ഗോപീകണ്ണനെ പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂർ നാരായണൻ വാര്യർ ക്ഷേത്രത്തിനകത്ത് നിറപറയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങിൽ പങ്കെടുത്തത്. ഇതിൽ മൂന്നാനകളാണ് ഓടി മത്സരിച്ചത്. കരുതലായി നിർത്തിയിരുന്ന പിടിയാന ദേവി രണ്ടാമതും കൊമ്പൻ രവികൃഷ്ണൻ മൂന്നാമതുമെത്തി. വിജയിയായ ഗോപീകണ്ണൻ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. ബാക്കിയുള്ള ആനകൾ ക്ഷേത്രത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചുപോയി. 2003, 2004, 2009, 2010, 2016, 2017ലും ഗോപീകണ്ണൻ തന്നെയാണ് വിജയിയായത്.
2019ലും 20ലും ഗോപീകണ്ണൻ വിജയം നിലനിർത്തിയിരുന്നു. ഇനി ഉത്സവത്തിന് കൊടിയിറങ്ങുന്നതുവരെ ഗോപീകണ്ണൻ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങില്ല. പാപ്പാൻ സുഭാഷ് മണ്ണാർക്കാടാണ് ആനയോട്ട സമയത്ത് മുകളിലിരുന്ന് ഗോപീ കണ്ണനെ നിയന്ത്രിച്ചത്. ഏഴുവർഷത്തോളമായി വെള്ളിനേഴി ഹരിനാരായണനാണ് ഗോപീകണ്ണന്റെ ചട്ടക്കാരൻ.
ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചു. ആനയോട്ടം നടന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പാന്മാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറുന്നത്.
ആനയില്ലാ ശീവേലി ഭക്തിനിർഭരം
ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരത്തിന്റെ ഭാഗമായി നടന്ന ആനയില്ലാ ശീവേലി ഭക്തിനിർഭരമായി നടത്തി. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാ ശീവേലിയായി എഴുന്നള്ളുന്നതെന്നാണ് സങ്കൽപം. ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരി ഗുരുവായുരപ്പന്റെ സ്വർണ തിടമ്പ് കൈകളിലേന്തി മുന്ന് പ്രദക്ഷിണം പൂർത്തിയാക്കി. ഭക്തർ നാരായണനാമം ജപിച്ച് അനുഗമിച്ചു. ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന ഒരുകാലത്ത് ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെ ശീവേലി നടത്തേണ്ടി വന്നതിന്റെ സ്മരണ പുതുക്കൽ കൂടിയാണ് ഈ ചടങ്ങ്.
മറുനാടന് മലയാളി ബ്യൂറോ