- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവ്വ രോഗത്തെ തോൽപ്പിച്ച് പിഎച്ച്ഡി സ്വന്തമാക്കി റിട്ട. അദ്ധ്യാപകൻ
കോട്ടയം: അപൂർവരോഗത്തോടു മല്ലിട്ട് പിഎച്ച്ഡി സ്വന്തമാക്കി റിട്ട. അദ്ധ്യാപകൻ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകനായിരുന്ന മുട്ടുചിറ നീരാക്കൽ എൻ.സി.ജേക്കബാണ് (65) ശരീരം തളരുന്ന രോഗത്തെ തോൽപ്പിട്ട് എംജി സർവകലാശാലയിൽനിന്നു പിഎച്ച്ഡി കരസ്ഥമാക്കിയത്.
ഞരമ്പുകളുടെ ആവരണം നഷ്ടമായി മസിലുകൾ തളരുന്ന രോഗം (സിഐഡിപി) ആണ് ജേക്കബിനെ വലച്ചത്. 2010ൽ ആയിരുന്നു തുടക്കം. നടക്കാനാകാതെ തളർന്നുപോകുക, അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകുക എന്നിവയായിരുന്നു ലക്ഷണങ്ങൾ. പ്ലാസ്മ ചികിത്സയും വിലകൂടിയ കുത്തിവയ്പുകളും നിറഞ്ഞതായി ജീവിതം. ഇടയ്ക്കിടെ രോഗം കൂടി തളർന്നുവീണു. അദ്ധ്യാപകനായിരിക്കെ 4 തവണയാണ് ഇദ്ദേഹത്തിന് ഈ രോഗം ബാധിച്ചത്. എന്നിട്ടും തളരാതെ പിടിച്ചു നിന്നു.
ചികിത്സയുടെ ഭാഗമായി മുന്നൂറിലേറെപ്പേരിൽനിന്നു പ്ലാസ്മ സ്വീകരിച്ചു. ഫിസിയോതെറപ്പിയും വ്യായാമവും ചെയ്ത് അൽപമൊരു ആശ്വാസം ലഭിച്ചപ്പോൾ വടി കുത്തി വീണ്ടും കോളജിലെത്തുകയും ചെയ്തു.. വകുപ്പുമേധാവിയായി വിരമിച്ച ശേഷം എംജി സർവകലാശാലയിലെ കെ.എൻ.രാജ് സെന്ററിൽ എംഎ ഇക്കണോമിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അദ്ധ്യാപകനായി. 2019ൽ വീണ്ടും രോഗം മൂർഛിച്ച് കണ്ണ്, നാവ്, അന്നനാളം, ശ്വാസകോശം എന്നിവയെ ബാധിച്ചു. രണ്ടാഴ്ചയോളം ഐസിയുവിലായി. ചികിത്സ കഴിഞ്ഞപ്പോഴാണ് പിഎച്ച്ഡി എന്ന ആഗ്രഹം ഉദിച്ചത്. 3 വർഷം കൊണ്ട് ലക്ഷ്യം നേടി. ഭാര്യ കുഞ്ഞമ്മ ജോർജ് ചേർത്തല എസ്എൻ കോളജ് അദ്ധ്യാപികയായിരുന്നു. എൻജിനീയർമാരായ ജിതിനും ജിനുവും മക്കൾ.



