തിരുവനന്തപുരം: നിരോധിത ഉപഗ്രഹ ഫോണുമായി റഷ്യൻ പൗരൻ തലസ്ഥാനത്തെ എയർപോർട്ടിൽ എത്തിയ കേസിൽ പ്രതി കെയ്ദോ കാർമെക്കെതിരെ എയർക്രാഫ്റ്റ് നിയമത്തിലെ നിസാര പെറ്റി വകുപ്പിട്ട് കോടതിയിൽ വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ക്രിമിനൽ ഉദ്ദേശ്യമില്ലാതെയും നിയമ പരിജ്ഞാനമില്ലാതെയുമാണ് പ്രതി സംസ്ഥാന തലസ്ഥാനത്ത് പറന്നിറങ്ങിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

കുറ്റം സമ്മതിച്ച് 2000 രൂപ പിഴയൊടുക്കി കെയ്‌ദോ തലയൂരുകയും ചെയ്തു. തുടർ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിയെ ഡീപോർട്ട് ചെയ്യാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്ന് വലിയതുറ പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പൊലീസ് റിമാന്റ് റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.വി. രവിതയാണ് പ്രതിയെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ 2024 ജനുവരി 21 ഞായറാഴ്ച രാവിലെയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്.

ഇന്ത്യയിൽ നിരോധിച്ച ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യൻ പൗരനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടുകയായിരുന്നു. മോസ്‌കോ സ്വദേശി കെയ്‌ദോ കാർമയെ(51) ആണ് പരിശോധനയ്ക്കിടെ സിഐ.എസ്.എഫ്. പിടികൂടിയത്. ഫോണും അനുബന്ധ ഉപകരണങ്ങളും എക്‌സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളിൽനിന്ന് കണ്ടെടുത്തത്.

എയർപോർട്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തശേഷം വലിയതുറ പൊലീസിൽ വിവരം നൽകി കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാൾ ഫോണുമായി എത്തിയത്.