- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഹജീവനം സ്നേഹഗ്രാമം' ഒന്നാംഘട്ടം നാളെ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസർഗോഡ് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പുനരധിവാസഗ്രാമം - സഹജീവനം സ്നേഹഗ്രാമം - പദ്ധതിയുടെ പൂർത്തിയാക്കിയ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ നാളെ നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് പദ്ധതി ഉദ്ഘാടനം ചെയ്യും.
കാസർഗോഡ് ജില്ലയിലെ നാല് ബഡ്സ് സ്കൂളുകൾ കൂടി എം സി ആർ സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഉദ്ഘാടനവും വ്യാഴം, വെള്ളി ദിവസങ്ങളിലായി നിർവ്വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പനത്തടി, ബദിയടുക്ക, എന്മകജെ, കള്ളാർ എന്നീ ബഡ്സ് സ്കൂളുകളാണ് രണ്ടാംഘട്ടമായി എം സി ആർ സി കളായി ഉയർത്തുന്നത്.
കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എൻഡോസൾഫാൻ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിങ് ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തുറന്നുകൊടുക്കുന്നത്. 2022 മെയിൽ നിർമ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമം പദ്ധതിക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും നേരത്തെ ലഭ്യമാക്കിയിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. ഇരുപത്തഞ്ച് ഏക്കർ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരോട് എൽ.ഡി.എഫ് സർക്കാർ എന്നും അനുഭാവപൂർണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും 'സ്നേഹഗ്രാമം' അതിലെ നാഴികക്കല്ലാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.



