- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി
തൃശൂർ: തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതികളായ വടക്കുംഭാഗം കരയോഗം ഭാരവാഹികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കരയോഗം ഭാരവാഹികളായ സജീവ് കുമാർ, സത്യൻ, രാജേഷ്, രാജീവ് എന്നിവരാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ വൈകിട്ട് നാലുമണിയോടെ കോടതിയിൽ ഹാജരാക്കും.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിൽ ഫെബ്രുവരി 12-ന് പകൽ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ടുജീവനുകൾ നഷ്ടമായതിന് പുറമേ കോടികളുടെ നഷ്ടമാണ് സ്ഫോടനമൂലം പ്രദേശവാസികൾക്ക് ഉണ്ടായത്.
പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാടുനിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി, അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
രണ്ടുവിഭാഗങ്ങളായാണ് ഇവിടെ വെടിക്കെട്ട് നടത്താറുള്ളത്. സ്ഫോടനത്തിന് പിന്നാലെ, തലേന്ന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി എന്ന കണ്ടെത്തലിൽ തെക്കുംഭാഗം കരയോഗത്തിന്റെ ഭാരവാഹികളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെക്കൂടാതെ മറ്റ് ഒട്ടനവധിപേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.



