കണ്ണൂർ: വീട്ടിൽക്കയറി തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടുപ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് പി. ജയരാജൻ. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രോസിക്യൂഷന് കൃത്യമായ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റു തെളിവുകളില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിധി.

കഴിഞ്ഞ ഡിസംബർ 20-നാണ് കോടതിയുടെ മുൻപാകെ കേസ് പരിഗണനയ്ക്ക് വന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടർ കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മൂന്ന് അപ്പീലുകളും ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചു. പക്ഷേ, ഇതിന് വിപരീതമായി പിറ്റേദിവസം തന്നെ ഈ അപ്പീലുകൾ പരിഗണിക്കാൻ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

ജനുവരി നാലിലേക്ക് പോസ്റ്റ് ചെയ്ത കേസാണ് പിറ്റേദിവസംതന്നെ പരിഗണിച്ചത്. ഇത്തരം അസാധാരണ നടപടികൾ ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് കേസിൽ വിധി പ്രസ്താവിച്ചതെന്നും പി.ജയരാജൻ പറഞ്ഞു.

സിപിഎം. നേതാവ് പി. ജയരാജനെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ എട്ടുപ്രതികളെയാണ് ഹൈക്കോടതി വെറുതേവിട്ടത്. രണ്ടാംപ്രതിയായ ആർ.എസ്.എസ്. പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ്. പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറുപേരെ 2007-ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. വിചാരണ കോടതി വിധിക്കെതിരേ ശിക്ഷിക്കപ്പെട്ട പ്രതികളും മൂന്നുപേരെ വെറുതേവിട്ടതിനെതിരേ സർക്കാരും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലുകളിലാണ് ജസ്റ്റിസ് സോമരാജ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്.