കൊച്ചി: രക്താർബുദചികിത്സയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്ന കാർ-ടി സെൽ (ചിമറിക് ആന്റിജൻ റിസെപ്റ്റർ) തെറാപ്പിക്ക് കേരളത്തിലാദ്യമായി തുടക്കം കുറിച്ച് കൊച്ചി അമൃത ആശുപത്രി. രക്തത്തിലെ ടി സെൽ കോശങ്ങളിൽ മാറ്റങ്ങൾ വരുത്തി അവയെ രക്താർബുദത്തിനെതിരെ പോരാടാൻ പ്രാപ്തമാക്കുന്ന നൂതന ചികിത്സാരീതിയാണിത്. ബി സെൽ ലുക്കീമിയ ലിംഫോമ, മൈലോമ കാൻസറുകൾ ബാധിച്ചവർക്കുള്ള ഫലപ്രദമായ ഒരു ചികിത്സാരീതിയാണിത്. നിലവിൽ മൂന്ന് രോഗികൾ കാർ-ടി സെൽ തെറാപ്പിക്ക് വിധേയരായതായി അമൃത ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗിയുടെ കോശങ്ങൾ ഉപയോഗിച്ചു തന്നെ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സയാണിത്. രോഗിയുടെ കോശങ്ങളെ തന്നെ മരുന്നായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. രക്തത്തിൽ കാണുന്ന ലിംഫോസൈറ്റാണ് കാൻസറിനെ ഇല്ലാതാക്കാനായി ഉപയോഗിക്കുന്നത്. ടി എന്നും ബി എന്നുമുള്ള രണ്ട് തരം ലിംഫോസൈറ്റുകളാണ് നമ്മുടെ ശരീരത്തിലുള്ളത്. ഇതിൽ ടി സെല്ലുകൾക്കാണ് കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുള്ളത്. ഇത്തരം ടി സെല്ലുകൾ കാൻസർ രോഗികളുടെ ശരീരത്തിൽ നിർജീവമായിരിക്കും. കാർ ടി സെൽ തെറാപ്പിയിൽ ഈ സെല്ലുകളെ ശരീരത്തിന് പുറത്തേക്കെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. സാധാരണ രക്തമെടുക്കുന്ന പോലെയാണ് ഈ സെല്ലുകളെ ശേഖരിക്കുക.

തുടർന്ന് രക്തത്തിൽ നിന്ന് ടി സെല്ലുകളെ വേർതിരിച്ചെടുക്കും. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന ടി സെല്ലുകളെ പിന്നീട് പ്രത്യേക ലാബോറട്ടിയിലെത്തിച്ച് കാൻസറിനോട് പൊരുതാൻ പ്രാപ്തമാക്കുന്നു. വൈറൽ വെക്ടർ എന്ന ഘടകം ഉപയോഗിച്ച് സെല്ലുലാർ തെറാപ്പിയിലൂടെ പരിഷ്‌കരിച്ച് രൂപമാറ്റം വരുത്തുകയാണ് ചെയ്യുന്നത്. തുടർന്ന് ഇ സെല്ലുകളെ രോഗിയുടെ ശരീരത്തിലേക്ക് രക്തത്തിലൂടെ കടത്തിവിടുകയും ചെയ്യുന്നു.

നിലവിലുള്ള ചികിത്സാരീതികൾ പരാജയപ്പെട്ട് ക്യാൻസർ വീണ്ടും വന്ന രക്താർബുദ രോഗികൾക്കാണ് കാർ-ടി സെൽ ചികിത്സ പ്രധാനമായും പ്രയോജനപ്പെടുക. മുമ്പ് ഈ ചികിത്സ വിദേശരാജ്യങ്ങളിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഈ തെറാപ്പിക്ക് വിധേയരായ മൂന്ന് രോഗികളിൽ ചികിത്സയ്ക്ക് ശേഷം കാൻസർ കോശങ്ങളൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും തുടർന്നും ഇവർ നിരീക്ഷണത്തിലായിരിക്കുമെന്നും കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവിഡോ. നീരജ് സിദ്ധാർത്ഥൻ പറഞ്ഞു. ഈ മൂന്ന് പേരിൽ രണ്ട് പേർക്ക് ലുക്കീമിയ ആയിരുന്നു. അവരിൽ ഒരാൾക്ക് മുമ്പ് ബോൺമാരോ ട്രാൻസ്പ്ലാന്റ് ചെയ്തിരുന്നു. ഒരാൾക്ക് റിലാപ്സ്ഡ് ലിംഫോമയും. ആദ്യത്തെ രോഗിക്ക് ട്രാൻസ്പ്ലാന്റിന്ശേഷം വീണ്ടും കാൻസർ വന്നു. പാലിയേറ്റീവ് കെയർ അല്ലാതെ മറ്റൊരു മാർഗ്ഗമില്ലാതിരുന്ന അവർക്ക് കാർ-ടിസെൽ തെറാപ്പി നൽകുകയും രോഗശാന്തി നേടുകയും ചെയ്തു. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ശക്തി ഉപയോഗിച്ച് കാൻസർ കോശങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ കാർ-ടി സെൽ തെറാപ്പി നമ്മെ പ്രാപ്തരാക്കുന്നു. മറ്റു ചികിത്സാരീതികൾ ഫലപ്രദമല്ലാത്ത രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ അതിനൂതന ചികിത്സാരീതി. ചിലതരം രക്താർബുദങ്ങളിൽ നിന്ന് ദീർഘകാല മോചനം നൽകാനുള്ള കഴിവ് കാർ-ടി സെൽ തെറാപ്പിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർ-ടി സെൽ തെറാപ്പിയെ കേരളത്തിന് പരിചയപ്പെടുത്തുന്നതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള രോഗികൾക്കും താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക ചികിത്സ സജ്ജമാക്കുന്നതിനുള്ള അമൃത ആശുപത്രിയുടെ ശ്രമങ്ങൾ തുടരുകയാണെന്ന് അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗത്തിലെ ഡോ. മനോജ് ഉണ്ണി, ഡോ.നിഖിൽ ഹരിദാസ്, ഡോ.ജി രമ, ഡോ.മോനിഷ ഹരിമാധവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഐഐടി മുംബൈ ഇൻകുബേറ്റഡ് കമ്പനിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് ഈ ചികിത്സ അമൃത ആശുപത്രി നടത്തുന്നത്. വിദേശത്ത് ഉള്ളതിനേക്കാൾ പത്തിലൊന്ന് കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ ഈ ചികിത്സ ഇപ്പോൾ ലഭ്യമാകുന്നത്. ചെലവ് ഇനിയും കുറയ്ക്കാനും ഈ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനുമുള്ള കൂടുതൽ ഗവേഷണങ്ങൾക്കൊരുങ്ങുകയാണ് അമൃത ആശുപത്രി.