- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 വർഷത്തെ പോരാട്ടം; ഒടുവിൽ അദ്ധ്യാപകനെ കോടതി വിട്ടയച്ചു
ഏറ്റുമാനൂർ: പൊലീസ് കള്ളക്കേസിൽ കുടുക്കിയ അദ്ധ്യാപകനെ പതിനൊന്നു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കോടതി വെറുതേ വിട്ടു. പൊലീസ് വാഹനം തടഞ്ഞു ജോലി തടസ്സപ്പെടുത്തിയെന്ന കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപകനാണ് ഒടുവിൽ നീതി ലഭിച്ചത്. ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശിയും മജിഷ്യനുമായ അജി കെ.സെബാസ്റ്റ്യനെയാണ് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടത്. അജീഷിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്.
2013 ഫെബ്രുവരി ഒന്നിനാണു കേസിനാസ്പദമായ സംഭവം. കോട്ടയം ഡിഡിഇ ഓഫിസിലെ ഉദ്യോഗസ്ഥനെ ഫോണിൽ ശല്യപ്പെടുത്തിയെന്ന പരാതിയിൽ നോട്ടിസ് നൽകാൻ വീട്ടിലെത്തിയപ്പോൾ അജി പൊലീസ് വാഹനം തടഞ്ഞുനിർത്തിയെന്നായിരുന്നു കേസ്. അജിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. അജിക്കു പിറ്റേന്നു കോടതി ജാമ്യം കൊടുത്തു. പിതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നുമില്ല.
ഡിഇ ഓഫിസിലെ ഉദ്യോഗസ്ഥ വിരോധംമൂലം തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നു കാട്ടി അജി നൽകിയ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയുടെ പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം നടത്തിയിരുന്നു. പുനരന്വേഷണം നടത്തണമെന്നും റിപ്പോർട്ടും നൽകി. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു നിരീക്ഷിച്ചാണു കോടതി അജിയെ കുറ്റവിമുക്തനാക്കിയത്. കേസിനെ തുടർന്ന് അജി സസ്‌പെൻഷനിലായിരുന്നു. ഇതിനിടെ, റിട്ട. അദ്ധ്യാപകനായ പിതാവും മരിച്ചു. വിദ്യാഭ്യാസ വകുപ്പിനും പൊലീസിനുമെതിരെ നഷ്ടപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്ന് അജി പറഞ്ഞു.



