- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നിക്കൂട്ടം തട്ടി വീഴ്ത്തിയ സ്‌കൂട്ടർ യാത്രക്കാരി അബോധാവസ്ഥയിൽ
ഇടുക്കി: കാട്ടുപന്നിക്കൂട്ടം സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്നു സ്‌കൂട്ടർ മറിഞ്ഞു ഗുരുതര പരുക്കേറ്റ വീട്ടമ്മ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ തുടരുന്നു. ആനച്ചാൽ ഗോപാലകൃഷ്ണ ഭവനിൽ ധന്യ (38) യാണ് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. തലച്ചോറിൽ മൂന്നിടത്തു ഗുരുതരമായി പരുക്കേറ്റതിനാൽ വലതുകൈയുടെയും കാലിന്റെയും ചലനശേഷിയെ ബാധിച്ചു.
ബോധം വരുമ്പോൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നും പരുക്ക് ഭേദമാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. ബന്ധുവീട്ടിലെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനു പോകവേ ടീ കമ്പനി മൃഗാശുപത്രിക്കു സമീപമാണ് ധന്യ അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെയാണു സംഭവം. പത്തിലധികം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടിയെത്തി സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. നിലത്തുവീണ ധന്യയുടെ തലയ്ക്കും മുഖത്തും ഹെൽമറ്റ് ധരിച്ചിട്ടും ഗുരുതരമായി പരുക്കേൽക്കുക ആയിരുന്നു.
സ്വന്തമായി വീടില്ലാത്ത ധന്യയും ഭർത്താവ് നന്ദകുമാറും ആനച്ചാലിൽ വാടക വീട്ടിലാണു താമസിക്കുന്നത്. നന്ദകുമാർ ആനച്ചാലിലുള്ള ഡ്രൈവിങ് സ്‌കൂളിൽ ജോലിചെയ്യുന്നു. കുടുംബം പുലർത്താനായി കേക്ക് നിർമ്മിച്ച് നൽകുന്ന ക്രീമി ക്രിയേഷൻ എന്ന സംരംഭം ഭർത്താവിനൊപ്പം ധന്യ നടത്തുന്നുണ്ട്. മൂന്നു വർഷത്തോളമായി വീട്ടിൽതന്നെയാണു കേക്ക് നിർമ്മാണവും വിൽപനയും.
ഏക മകൻ മാധവ് എറണാകുളത്തെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കുടുംബത്തെ കണ്ണീരണിയിച്ച ദുരന്തത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങൾ.



