തൊടുപുഴ: വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെൽ 14, 15, 16, 17 തീയതികളിൽ നടക്കും. പ്രശസ്തരായ നൂറിലധികം അന്തർദേശീയ, ദേശീയ ഗ്ലൈഡർമാർ പങ്കെടുക്കും. 15 രാജ്യങ്ങൾ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവെലാണിതെന്ന് സംഘാടകർ പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി, പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണിത് നടത്തുന്നത്. ലോകപ്രശസ്ത റൈഡർമാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും എത്തും.

പൈലറ്റുമാരും ഗ്ലൈഡർമാരും നടത്തുന്ന ട്രയൽ റണ്ണുകളും എയറോഷോയും കാണാൻ ആയിരക്കണക്കിനുപേർ എത്തുമെന്നാണ് പ്രതീക്ഷ. ഇത് ജനകീയമാക്കാനുള്ള ശ്രമങ്ങൾ വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.