താനൂർ: ഒട്ടുംപുറത്ത് നവജാത ശിശുവിന കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ മാതാവ് ആണ്ടിപ്പാട്ട് വീട്ടിൽ ജുമൈലത്തിനെ (29) കോടതി റിമാൻഡ് ചെയ്തു. മൂന്നുമക്കളുടെ മാതാവുകൂടിയായ പ്രതി ജുമൈലത്തിനെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാൻഡ് ചെയ്തത്. മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിയാപുരം വില്ലേജിലെ ഒട്ടുംപുറത്താണ് നാടിനെ നടുക്കിയ കൊല നടന്നത്. പ്രസവം നടന്നത് അറിയാതിരിക്കാൻ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു്. കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലായിരുന്നു പ്രസവം. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിതിനുശേഷമാണ് കൊല നടത്തിയതെന്നും വീടിന് അരികുപറ്റിയുള്ള പറമ്പിൽത്തന്നെ കുഴിച്ചിട്ടതായും യുവതി പൊലീസിനോടു പറഞ്ഞു.

രഹസ്യവിവരത്തെത്തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ചോദ്യംചെയ്തപ്പോഴാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ഇതോടെ ബുധനാഴ്ച രാത്രി വൈകി അറസ്റ്റും രേഖപ്പെടുത്തി. തിരൂർ തഹസിൽദാർ ഷീജ കോഹൂർ, ഡിവൈ.എസ്‌പി. വി.വി. ബെന്നി, സിഐ. ജെ. മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ പിതാവിനെക്കുറിച്ച് സൂചന ലഭിച്ചതായി സിഐ. പറഞ്ഞു.