തിരുവനന്തപുരം: ഇംഗ്ലണ്ടും കേരളത്തിലെ ഐടി കമ്പനികളും തമ്മിലുള്ള സഹകരണവും ബിസിനസ് സാധ്യതകളും തേടി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രതിനിധി ടെക്‌നോപാർക്ക് സന്ദർശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയിൽ മതിപ്പ് പ്രകടിപ്പിച്ച ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ബിസിനസ് ആൻഡ് ട്രേഡ് ഡിപ്പാർട്ട്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് ഹെഡ് (സൗത്ത് ഇന്ത്യ) ഗീത കൃഷ്ണൻകുട്ടി ടെക്‌നോപാർക്ക് കമ്പനികളെ ലണ്ടൻ ടെക് വീക്ക്-2024 ലേക്ക് ക്ഷണിച്ചു. ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായരുമായി (റിട്ട.) നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം. ജിടെക് സിഇഒ വിഷ്ണു നായർ, ജിടെക് സെക്രട്ടറിയും ടാറ്റ എൽക്‌സി സെന്റർ ഹെഡുമായ ശ്രീകുമാർ വി, ജിടെക്കിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇംഗ്ലണ്ടിലെ കെൻസിങ്ടണിലെ പ്രശസ്ത എക്‌സിബിഷൻ വേദിയായ ഒളിമ്പിയയിൽ ഈ വർഷം ജൂൺ 10 മുതൽ 14 വരെയാണ് ലണ്ടൻ ടെക് വീക്ക്-2024 നടക്കുന്നത്. സാങ്കേതിക മേഖലയിലെ മാറ്റങ്ങളെ കുറിച്ച് ദീർഘവീക്ഷണമുള്ളവരും സംരംഭകരും നിക്ഷേപകരും മുൻനിര ടെക്‌നോളജി സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർ ലണ്ടൻ ടെക് വീക്കിന്റെ ഭാഗമാകും. പങ്കെടുക്കുന്നവർക്ക് മേഖലയുമായി ബന്ധപ്പെട്ട പുതിയ ഉൾക്കാഴ്ചകളും അവസരങ്ങളും ബന്ധങ്ങളും സൃഷ്ടിക്കാൻ പരിപാടി അവസരമൊരുക്കും, 5000 ത്തിലധികം സ്റ്റാർട്ടപ്പുകൾ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ടെക് വീക്കിൽ 1000-ത്തിലധികം നിക്ഷേപകർ പങ്കെടുക്കും. 45,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ സാങ്കേതിക നൈപുണ്യം വളരെ വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നതാണെന്ന് ഗീത കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി. ടെക്‌നോപാർക്കിലെ ഹെൽത്ത് ടെക് കമ്പനികളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന കമ്പനികളെയും ടെക് വീക്കിൽ പങ്കെടുപ്പിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള അടുത്ത തലമുറ ബയോ എൻജിനീയറിങ്, സെമി കണ്ടക്ടേഴ്‌സ് മേഖലകളെ ഇംഗ്ലണ്ട് പരിഗണിക്കുന്നുണ്ട്. മികച്ച ജീവിത നിലവാരവും സൗകര്യങ്ങളുമുള്ള ഇംഗ്ലണ്ടിൽ ബിസിനസ് ചെയ്യാനുള്ള സാഹചര്യവും അനുകൂലമായ സാമ്പത്തിക, നികുതി വ്യവസ്ഥയുമുണ്ട്. ഇംഗ്ലണ്ടിൽ നിക്ഷേപം നടത്തുന്ന കമ്പനികളെ പിന്തുണയ്ക്കാൻ തയ്യാറാണ്. ടെക് വീക്കിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് ഇംഗ്ലണ്ടിലെ പ്രമുഖ സാങ്കേതിക-വൈജ്ഞാനിക സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയും തൊഴിൽശക്തിയും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ഇംഗ്ലണ്ടിന് കഴിയുമെന്ന് ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട) പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള മെഡ്‌ടെക്, എവിജിസി, സ്‌പേസ് ടെക്, ഫിൻടെക് കമ്പനികൾ ലോകമെമ്പാടുമുള്ള സുപ്രധാന പദ്ധതികളുടെയും നിക്ഷേപങ്ങളുടെയും ഭാഗമായി ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുകെ പ്ലാറ്റ് ഫോം കേരളത്തിലെ കമ്പനികൾക്ക് കൂടുതൽ വ്യാപനം നൽകുമെന്ന് ചർച്ചയിൽ ഉയർന്നുവന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സാമൂഹിക മാനദണ്ഡങ്ങൾ, നൈപുണ്യ ശേഷി, ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയുള്ള ടെക്‌നോളജി ഹബ്ബുകളായി വളർന്നുവരുന്ന തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഐടി-സാങ്കേതിക പങ്കാളിത്തം സ്ഥാപിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ സാധ്യതയും ചർച്ച ചെയ്തു.