തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്രശ്‌നം നടക്കുമ്പോൾ മന്ത്രിയും മറ്റുള്ളവരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിന്റെ തുടക്കം മുതൽ ജനപ്രതിനിധി എന്ന നിലയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. പൂര ദിവസവും പൂർണമായി സ്ഥലത്തുണ്ടായിരുന്നത് ദ്യശ്യ മാധ്യമങ്ങൾ കാണുന്നവർക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. എന്നിട്ടും വെടിക്കെട്ടിന് ശേഷം രാവിലെ എത്തിയ കെ മുരളീധരന്റെ പ്രസ്താവന തെറ്റിധാരണയുണ്ടാക്കുന്നതും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുമാണ്. ഒരു പ്രശ്നം ഉണ്ടായപ്പോൾ തന്നെ ഉണർന്ന് പ്രവർത്തിച്ച് ആചാരങ്ങൾക്ക് കോട്ടം വരാത്ത വിധം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിരുവിട്ട നിയന്ത്രണം ഉണ്ടായി. പ്രശ്നക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചു കഴിഞ്ഞു.

വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ആദ്യ നടപടി എന്ന നിലയ്ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കും. ഇതിന്റെ ഭാഗമായിട്ടാണ് കമ്മീഷണറെയും അസിസ്റ്റന്റ് കമീഷണറെയും സ്ഥലം മാറ്റാൻ സർക്കാർ തെരഞ്ഞെടുപ്പ് കമീഷനിൽ ശുപാർശ ചെയ്തിരിക്കുന്നത്. ഇനിയും വിവാദത്തിലേക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു.