കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വോട്ട് രേഖപ്പെടുത്തുമ്പോൾ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണ് റിട്ടേണിങ് ഓഫീസർ പരാതി നൽകിയത്.

പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ പ്രത്യേക സാഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു.

വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട റിട്ടേണിങ് ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള വയോധികർക്കുമാണ് വീട്ടിൽ നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. ഏപ്രിൽ 15 മുതൽ 24 വരെയാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകിയിരുന്നത്.