തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി സമ്മാനിച്ചു.

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളിൽ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ അളവറ്റതാണെന്ന് അദ്ദേഹം കീർത്തിപത്രത്തിൽ പരാമർശിച്ചു.

കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിക്കുന്നതിന് രാജ്ഭവൻ ആസ്ഥാനമായി രൂപം നൽകിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏർപ്പെടുത്തിയതാണ് 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്‌കാരം.



ജഗതിയുടെ ഭാര്യ ശോഭശ്രീകുമാർ, മകൻ രാജ്കുമാർ, മരുമകൾ ശ്രീകല, ചെറുമക്കളായ ജഗൻരാജ്, അനുഗ്രഹ, ജൂനിയർ പി.സി.ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം കൈമാറിയത്.