കണ്ണൂർ: ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയതയുടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നമ്മുടെയിടയിൽ ഭിന്നതയുടേയും വർഗീയതയുടേയും വിത്തുകൾ വിതയ്ക്കാൻ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.

"നമ്മുടെ യുവജനങ്ങൾ വിവേകമുള്ളവരും കരുത്തുള്ളവരുമാണ്. അവരുടെ രക്ഷകൻ കർത്താവായ ക്രിസ്തുവാണ്. ഇന്നു നമ്മുടെ പെൺകുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങൾ ആത്മാഭിമാനമുള്ള മക്കളാണ്. ഈ തലശ്ശേരിയിലെ ഒരൊറ്റ പെൺകുട്ടിയെപ്പോലും ആർക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകാത്ത വിധം ചങ്കൂറ്റത്തോടെ പറയാൻ തക്കവിധത്തിൽ ഇവിടുത്തെ യുവജനങ്ങൾ പ്രബുദ്ധരാകേണ്ടതുണ്ട്. നമ്മുടെ പെൺകുട്ടികളുടെ പേരു പറഞ്ഞ് ഒരു വർഗീയ ശക്തികളും ഇവിടെ വർഗീയതയുടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിന് അറിയാം.

"നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിനു വിലപറയാൻ ഇനി ഒരാളെപ്പോലും നമ്മൾ അനുവദിക്കുകയുമില്ല എന്നുള്ളത് തിരിച്ചറിയാം. നമ്മൾ പറഞ്ഞുപറഞ്ഞ് നമ്മുടെ പെൺകുട്ടികൾക്ക് സ്വന്തമായി വിവേചനവും വിവേകവും ഇല്ല, കന്നുകാലികൾ ചക്കമടൽ കണ്ടാൽ കൂട്ടിൽക്കയറുന്നതുപോലെ നമ്മുടെ പിള്ളേരെല്ലാം പ്രണയക്കുരുക്കിൽപ്പെട്ടുപോയി എന്ന് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ഭീകരമായ കഥകൾ കേട്ട് നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിന് വിലപറയുന്ന സാഹചര്യം ഈ നാട്ടിൽ സംജാതമായിട്ടുണ്ട്.

"നമ്മുടെ അതിരൂപതയിൽ നിന്ന് ഒരു കുഞ്ഞുപോലും ഇപ്രകാരമുള്ള കെണികളിൽ വീഴാൻ പാടില്ല. ഇപ്രകാരമുള്ള കെണികളുടെ പേരിൽ ഇവിടെ വർഗീയതയുടെ വിഷം ചീറ്റാനും നമ്മുടെ സ്വയം പ്രഖ്യാപിത സംരക്ഷിതരാകാനും ഒരു സംഘടനയേയോ ഒരു പ്രസ്ഥാനത്തെയോ അനുവദിക്കുകയുമില്ല." മാർ പാംപ്ലാനി പറഞ്ഞു. പറഞ്ഞ വാക്കുകളുടെ അർഥം വരികൾക്കിടയിൽ മനസ്സിലാക്കാൻ കഴിവുള്ളവരാണ് യുവജനങ്ങൾ എന്ന് അറിയാവുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് പാംപ്ലാനി തന്റ പ്രസംഗം അവസാനിപ്പിച്ചത്.