- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുവായൂരിൽ ഞായറാഴ്ച നടന്നത് 129 കല്യാണങ്ങൾ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്നത് 129 കല്യാണങ്ങൾ. അഞ്ച് മണ്ഡപങ്ങളുണ്ട് ഇവിടെ. താലികെട്ട് ചടങ്ങ് കഴിഞ്ഞ് വധൂവരന്മാർ വിയർത്തൊലിച്ചാണ് മണ്ഡപത്തിൽനിന്ന് പുറത്തേക്കിറങ്ങിയത്. നാലമ്പലം കൂളറുകൾവെച്ച് ശീതീകരിച്ചെങ്കിലും മണ്ഡപങ്ങളിലൊന്നിലും ഫാൻപോലുമില്ല. നടപ്പന്തലിൽ ഫാനുകളുണ്ടെങ്കിലും ചിലതു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കടുത്ത ചൂടിനൊപ്പം കല്യാണത്തിനും ദർശനത്തിനുമുള്ളവർ നടപ്പന്തലിൽ തിങ്ങിനിറഞ്ഞു. ഉഷ്ണം സഹിക്കാനാകാതെ കുഞ്ഞുങ്ങൾ കരഞ്ഞു.
വടക്കുഭാഗത്തെ ക്യൂപന്തലിൽ വലിയ ഫാൻ വെച്ചിട്ടുണ്ട്. എന്നാൽ, ഭക്തർ തിങ്ങിനിറയുന്ന പ്രധാന നടപ്പന്തലിൽ കൂടുതൽ ഫാനുകൾ വേണമെന്ന് ഭക്തർ പറയുന്നു. ഇക്കാര്യം ദേവസ്വം അധികൃതരോട് പലരും നേരിട്ട് പറഞ്ഞിട്ടുമുണ്ട്.
വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ്വിളക്ക് ശീട്ടാക്കിയത് 1800-ൽ ഏറെപ്പേർ. ഈ വകയിൽ 20 ലക്ഷത്തിലേറെ രൂപയാണ് ഞായറാഴ്ചത്തെ മാത്രം വരുമാനം. തുലാഭാരത്തിന് കിട്ടിയത് 16 ലക്ഷം. 452 കുരുന്നുകൾക്ക് ചോറൂണുണ്ടായി. അഞ്ചരലക്ഷം രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്.
മൊത്തം 67 ലക്ഷം രൂപയാണ് വരുമാനം. ദർശനത്തിന് നല്ല തിരക്കുണ്ടായതിനാൽ കൊടിമരം വഴിയാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്. ഭഗവതീക്ഷേത്രകവാടം വഴി അകത്തേക്ക് കടക്കാനും നല്ലതിരക്കായിരുന്നു.