നോയ്ഡ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ സെഞ്ചുറി നേടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അയോധ്യാ വിഷയം ശക്തമായി ഉയർത്തുമെന്ന സൂചനയാണ് അമിത് ഷാ നൽകുന്നത്.

രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. കോൺഗ്രസും സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രാമക്ഷേത്ര നിർമ്മാണം വൈകിപ്പിച്ചു. രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും രാമക്ഷേത്രം പണിതവർക്കും ഇടയിലാണ് ഈ തെരഞ്ഞെടുപ്പ്. അഞ്ച് വർഷം കൊണ്ടാണ് ബിജെപി ക്ഷേത്രം പണിതതെന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്കിനെ ഭയന്നാണ് അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും രാമക്ഷേത്രത്തിൽ പോകാത്തതെന്നും അദ്ദേഹം പരിഹസിച്ചു.