- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിപ്പൂരിൽ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു. 18 പുതിയ കൗണ്ടറുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം 18 പുതിയ ബാഗേജ് ചെക്കിങ് കൗണ്ടറുകളും വൈകാതെ പ്രവർത്തനക്ഷമമാകും. ഇതോടെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ബാഗേജ് ചെക്കിങ് കൗണ്ടറുകൾ 40 ആകും.
ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ് ഈ ഗേറ്റുകൾ. ഓട്ടോമേറ്റഡ് ബോർഡർ കൺട്രോൾ സിസ്റ്റം എന്നറിയപ്പെടുന്ന ഇവ പാസ്‌പോർട്ട് സ്‌കാൻ ചെയ്യുന്നതോടൊപ്പം മുഖത്തിന്റെ ചിത്രമെടുത്ത് ഫോട്ടോ താരതമ്യം ചെയ്യും. പാസ്‌പോർട്ടിലെ മൈക്രാചിപ്പിൽ സൂക്ഷിച്ച ഫോട്ടോയുടെ ഡിജിറ്റൽ കോപ്പിയാണ് ഇവ സ്‌കാനിങ്ങിന് ഉപയോഗിക്കുന്നത്. അതിനാൽ വ്യാജ പാസ്‌പോർട്ടുമായി വിമാനത്താവളത്തിൽ കടക്കുക അസാധ്യമാകും.
രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം പരീക്ഷിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഇതുവഴി എയർപോർട്ട് അഥോറിറ്റി നടപ്പാക്കുന്നത്. കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലെത്തുമെന്ന സൂചനയെത്തുടർന്നാണ് ഇത്. ടെർമിനലിലെ പഴയ ടൈലുകൾ മാറ്റുന്നതും നടക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന ആഭ്യന്തര ടെർമിനൽ കെട്ടിടവും നവീകരിക്കുന്നുണ്ട്.