- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടർമഷി പടർന്നു; വിദ്യാർത്ഥിനിയുടെ വിരലുകൾക്ക് ഗുരുതര പൊള്ളൽ
ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിപറ്റിയതിനെ തുടർന്ന് എൻ.എസ്.എസ്. വൊളന്റിയറായ വിദ്യാർത്ഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ഇടതുകൈ വിരലുകൾക്കാണ് മഷിപുരണ്ടതിനെ തുടർന്ന് പൊള്ളലേറ്റത്. ഇടതുകൈയിലെ ചൂണ്ടുവിരലിനും നടുവിരലിനുമായാണ് പൊള്ളലേറ്റത്.
ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ഫാറൂഖ് കോളേജ് എ.എൽ.പി. സ്‌കൂളിലാണ്. ഇവിടെ ഭിന്നശേഷിക്കാരായ ആളുകളെ വോട്ടുചെയ്യുന്നതിന് സഹായിക്കലായിരുന്നു ഡ്യൂട്ടി. എന്നാൽ, സ്‌കൂളിൽ എത്തിയപ്പോൾ 93-ാം നമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ ആളുകളുടെ വിരലിൽ മഷിപുരട്ടലിനായി കുട്ടിയെ നിയോഗിച്ചു.
പത്തുമുതൽ രണ്ടുവരെ വിദ്യാർത്ഥിനി മഷി പുരട്ടാനിരുന്നു. തുടർന്ന് വിട്ടിലെത്തിയപ്പോൾ ഇടതുകൈവിരലുകൾക്ക് കഠിനമായ വേദനയനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇടതുകൈയിലെ ചൂണ്ടുവിരലിനും നടുവിരലിനുമാണ് പൊള്ളലേറ്റത്. വിദ്യാർത്ഥിനി എഴുതുവാൻ ഇടതുകൈയാണ് ഉപയോഗിക്കാറ്. സംഭവമറിഞ്ഞ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരശേഖരം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടറുടെ വിരലിൽ മഷിപുരട്ടുന്നതും വോട്ടർസ്ലിപ്പുകൾ നൽകലുമെല്ലാം പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയിൽപ്പെട്ടതാണ്. ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലാബോറട്ടറി വികസിപ്പിച്ചെടുത്ത മഷി വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത് കർണാടകയിലെ മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ്.
പോളിങ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു
കുറ്റ്യാടി നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധബൂത്തുകളിൽ പോളിങ് ഡ്യൂട്ടിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്ക് വിരലിൽപുരട്ടുന്ന മഷിയിൽനിന്ന് പൊള്ളലേറ്റു. വലതു കൈയിലെ വിരലുകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. വിരലിന്റെ അഗ്രഭാഗത്തെ തൊലി പൊളിഞ്ഞുപോയ ഉദ്യോഗസ്ഥരുമുണ്ട്.
സെക്കൻഡ് പോളിങ് ഉദ്യോഗസ്ഥർക്കാണ് കൂടുതലായും പൊള്ളലേറ്റത്. കയ്യുറയോ മറ്റു സുരക്ഷാഉപകരണങ്ങളോ അനുവദിച്ചിരുന്നില്ല. മഷിപുരട്ടാൻ അഞ്ച് സെ. മീ. പോലും വലുപ്പമില്ലാത്ത ബ്രഷ് ആണ് നൽകിയത്. കൈയിൽപുരളുന്ന മഷി തുടയ്ക്കാൻ ചെറിയകെട്ട് കോട്ടൺവേസ്റ്റും. കുറ്റ്യാടി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ ഒട്ടേറെപ്പേരാണ് പൊള്ളലേറ്റ അനുഭവം പങ്കുവെച്ചത്.