കോഴിക്കോട്: വെള്ളയിൽ പണിക്കർറോഡ് കണ്ണൻകടവിൽ ഓട്ടോറിക്ഷാ ഡ്രൈവർ നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ധനീഷ്(33) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമായിരുന്നു കൊല.

കൊലനടന്ന സമയത്ത് സംഭവസ്ഥലത്തുകൂടി സ്‌കൂട്ടറിൽപോകുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയ ആളെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിയിരുന്നു. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റസമ്മതം നടത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്തുകൊല്ലപ്പെട്ടത്. സ്‌കൂട്ടറിന്റെ മുൻഭാഗത്ത് ബൂട്ട് സ്പെയ്‌സിൽ രക്തംപുരണ്ട കൊടുവാൾവെച്ച് ഒരാൾ അതിവേഗത്തിൽ പോകുന്നതായി കണ്ടെന്ന് മൊഴി കിട്ടിയിരുന്നു.

ശ്രീകാന്തിന്റെ മൃതദേഹത്തിൽ ചെറുതും വലുതുമായ 15 വെട്ടുകളുണ്ടായിരുന്നു. കൊലയാളി തന്റെ പക തീരുംവരെ തുടരെ വെട്ടുകയും മരണമുറപ്പാക്കിയശേഷം സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു. അതിനാൽ, മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലയാകാനാണ് സാധ്യതയെന്നും പെട്ടെന്നുള്ള പ്രകോപനത്തിൽ കൃത്യംചെയ്തതാകാൻ സാധ്യതയില്ലെന്നും വിലയിരുത്തൽ എത്തി. ഇത് മനസ്സിലാക്കിയായിരുന്നു അന്വേഷണം.

കൊലയ്ക്കുപിന്നിൽ പ്രവർത്തിച്ചയാൾതന്നെയാണ് ഇയാളുടെ കാറും കത്തിച്ചതെന്ന സംശയവും ഉയർന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ശ്രീകാന്തിന്റെ നേരത്തേയുള്ള പരാതിയിൽ ആരാണ് കാർ കത്തിച്ചതെന്നോ സംശയമുള്ളവരുടെ പേരോ പറഞ്ഞിരുന്നില്ല. ഇതിനിടെയാണ് സിസിടിവിയിൽ ധനീഷും തെളിഞ്ഞത്.