- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു
കൊല്ലം: കൊല്ലം ജില്ലയിലാകെ ശക്തമായ വേനൽ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലിൽ ഒരാൾക്ക് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. രണ്ട് വനിതാ ജീവനക്കാർക്കും മിന്നലേറ്റു.
സമീപത്തെ കടയിൽനിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേൽക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവർക്കാണ് മിന്നലേറ്റത്. ഇരുമ്പുകസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസന്ന കുമാരിയെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
അതിനിടെ വർക്കലയിലും ഇടിമിന്നൽ നാശം വിതച്ചു. ഇവിടെ ഇടിമിന്നലിൽ ഒരു വീട് തകർന്നു. വർക്കല കല്ലുവാതുക്കൽ നടയ്ക്കലിലാണ് സംഭവം. നടയ്ക്കൽ വസന്തയുടെ വീട്ടിലാണ് ഇടിമിന്നൽ അപകടം വിതച്ചത്. കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.