പെരിന്തൽമണ്ണ: ഒൻപതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ 93 വർഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ വടക്കൻപാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖി(44)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം മൂന്നുവർഷവും രണ്ടുമാസവും അധികതടവ് അനുഭവിക്കണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം 33 വർഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളിലായി 60 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴയടച്ചാൽ മൂന്നുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ എസ്‌ഐ. എ.കെ. ശ്രീജിത്ത്, ഇൻസ്പെക്ടർ സജിൻ ശശി എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നാലുവർഷം കഠിനതടവിനും പതിനായിരം രൂപ പിഴയടയ്ക്കുന്നതിനും 2023 ഒക്ടോബറിൽ ഇതേ കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പുതിയ കേസ്.