ചെന്നൈ: ജോലിക്കിടെ മലയാളി വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച 17 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരുക്കേറ്റ കൊല്ലം കടവൂർ ഗീതാസിൽ രാഖി (23) അപകടനില തരണം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. അക്രമി സംഘത്തിലെ മറ്റൊരാൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മോഷണ ശ്രമത്തിനിടെയാണ് രാഖിക്ക് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിണ്ടിഗലിൽ നിന്ന് തിരുനെൽവേലിയിലേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ഗാർഡായിരുന്നു രാഖി. മധുര കുടൽനഗറിൽ ട്രെയിൻ സിഗ്‌നൽ കാത്തു കിടക്കവെ, രണ്ടു പേർ കോച്ചിൽ കയറി രാഖിയെ ആക്രമിച്ച് സ്വർണമാലയും ബാഗും മൊബൈൽ ഫോണും കവരാൻ ശ്രമിച്ചു. രാഖി എതിർത്തതോടെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഫോണും പണവുമുള്ള ബാഗുമായി കടക്കുക ആയിരുന്നു.

ആക്രമണത്തിൽ തലയ്ക്കു പരുക്കേറ്റ രാഖിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാർ മധുരയിലെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണ് പ്രായപൂർത്തിയാകാത്ത സംഘം ഗാർഡിനെ ആക്രമിച്ചതാണെന്നാണു പൊലീസ് നിഗമനം.