കണ്ണൂർ : കണ്ണൂർ നഗരത്തിന് സമീപത്തെ കൊറ്റാളിയിൽ അമ്മയും മകളും മരിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന സൂചനകളുമായി പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറ്റാളിക്കാവിനടുത്തു താമസിക്കുന്ന അമ്മ സുനന്ദയുടെയും മകൾ ദീപയുടെയും മൃതദേഹങ്ങൾ കൊറ്റാളിയിലെ വീട്ടിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കവും മകൾ ദീപ വി ഷേണായിയുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കവുമാണുള്ളത്.

വീട്ടിൽ എഴുപത്തിയെട്ടു വയസുകാരി സുനന്ദയും 48 വയസുകാരി മകൾ ദീപയും മാത്രമായിരുന്നു താമസം. ദുർഗന്ധത്തെ തുടർന്ന് അയൽവാസി രാവിലെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്. ജനലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയോട് ചേർന്നുമാണ് കണ്ടത്. വിഷാംശം അകത്ത് ചെന്നതാണ് മരണകാരണമെന്ന കൃത്യമായ സൂചനയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

കൊലപാതകത്തിനുള്ള സാധ്യതയില്ലെന്നും പൊലിസ്പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണകാരണത്തിന് വ്യക്തത വരാൻ രാസ പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. കഴിഞ്ഞ 20 വർഷം മുൻപാണ് ബേക്കൽ സ്വദേശിനിയായ കുടുംബം കണ്ണൂരിലെത്തുന്നത്.