ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ പിപി സഫ്വാൻ (23) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.

ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരും മലയാളികളായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്ഫ്വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുൽബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈൽ(24), നാദാപുരം സ്വദേശി തൽഹത്(25) അസ്ഹർ(28), നിസാം (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവർ ജിഎംസി അനന്ദ്നാഗ് ആശുപത്രിയിൽ ചികിത്സയിലാണ്.