- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്‌നോളജി കരാർ ഒപ്പിട്ടു
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെൻസ്, പാരാമിലിറ്ററി, സ്‌പെഷ്യൽ ഫോഴ്‌സ്, പൊലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികൾക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്‌ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്.
സുരക്ഷാ ഏജൻസികൾക്ക് ആവശ്യമായ സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിർമ്മിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും. തീവ്രവാദ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അപകടകരമായ സാഹചര്യങ്ങളിൽ ചെറിയ പന്തിന്റെ വലിപ്പമുള്ള ടാക്ടിക്കൽ റോബോട്ടിനെ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് എറിഞ്ഞാൽ അവിടെ നിന്നുള്ള ലൈവ് ഓഡിയോ, വീഡിയോ സ്ട്രീമിങ് വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ലഭിക്കും. ഇത്തരം വിവരങ്ങൾ ലഭ്യമാക്കുന്ന 'സ്‌ഫെറിക്കൽ റോബോട്ട് ഫോർ റൂം ഇന്റർവെൻഷൻ' ആണ് ഐഐടി ബോംബെയും ആലിബൈയും ചേർന്ന് നിർമ്മിക്കുക. മുംബൈ ഐഐടിയിൽ നടന്ന ചടങ്ങിൽ ഐഐടി ബോംബെ ഡീൻ പ്രൊഫ. സച്ചിൻ പട്വർദ്ധനും ആലിബൈ ഓപ്പറേഷൻസ് ഡയറക്ടർ ഡോ.എസ്‌പി. സുനിലും കരാറുകൾ കൈമാറി.
സൈബർ ഫോറെൻസിക്‌സ്, സൈബർ ഇന്റലിജിൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ആലിബൈ, ടാക്റ്റിക്കൽ ടെക്‌നോളജി രംഗത്ത് കൂടി പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഐടി ബോംബെയുമായി അഭിമാനകരമായ കരാർ ഒപ്പു വെച്ചതെന്ന് കമ്പനിയുടെ ബിസിനസ് ഡയറക്ടർ ശ്യാം കെ.എം. അറിയിച്ചു. മൂന്ന് വർഷത്തിലധികമായി ഡിഫെൻസ്, പൊലീസ് ഏജൻസികൾക്ക് സൈബർ ഇന്റലിജൻസ് സേവനങ്ങളും ഫോറെൻസിക് സോഫ്റ്റ് വെയർ-ഹാർഡ് വെയർ സൊല്യൂഷനുകളും നൽകുന്ന ആലിബൈ, ടാക്റ്റിക്കൽ സർവൈലൻസ് ഉത്പന്ന നിർമ്മാണ മേഖലയിൽ കൂടുതൽ മുതൽ മുടക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സുരക്ഷാ മേഖലയിൽ സുരക്ഷാ സേനകൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് നാഷണൽ സെന്റർ ഫോർ എക്‌സലൻസ് ഇൻ ടെക്‌നോളജി ഫോർ ഇന്റേണൽ സെക്യൂരിറ്റിയും (എൻസിഇടിഐഎസ്), ഐഐടി ബോംബെയും ലക്ഷ്യമിടുന്നത്. കേന്ദ്ര ഐടി വകുപ്പിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്തരത്തിൽ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ നിർമ്മിക്കുവാനായി ആലിബൈ തയ്യാറെടുക്കുന്നത്.
ഐഐടി ബോംബെ പ്രൊഫസർ ലീന വാചാനിയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ ഫലമായിട്ടാണ് സുരക്ഷാ സേനകൾ അംഗീകരിക്കുന്ന സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി വികസിപ്പിക്കാനായത് എന്ന് എൻസിഇടിഐഎസ് പ്രൊഫസർ-ഇൻ-ചാർജ് ബി.ജി. ഫെർണാണ്ടസ് പറഞ്ഞു.