എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി മരിച്ചത്. ബൈജുവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകവെ പിന്നിൽ വന്ന ചരക്കുലോറി സ്‌കൂട്ടറിൽ തട്ടുകയും അതേ ലോറി കയറി സിജി തൽക്ഷണം മരിക്കുകയും ആയിരുന്നു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങുമ്പോൾ അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച കാർ മുന്നറിയിപ്പില്ലാതെ പൊടുന്നനെ റോഡരികിൽ പാർക്ക് ചെയ്തു. അതോടെ സ്‌കൂട്ടർ വേഗത കുറച്ച് വലത്തോട്ട് തിരിക്കുന്നതിനിടെ വഴിയോരത്തെ അപകടാവസ്ഥയിൽ നിറഞ്ഞ ചരലിൽ കയറി തെന്നി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയം സമാന്തരമായെത്തിയ ചരക്ക് ലോറി തട്ടുകയും സിജി വലത്തോട്ട് വീഴുകയും ചെയ്യുകയായിരുന്നു.

ലോറി കയറി ഇറങ്ങിയതോടെ തൽക്ഷണം മരിച്ചു. ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. ബൈജുവും കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്റെ മകളാണ് മരിച്ച സിജി. മക്കൾ: അനറ്റ് (പ്ലസ്ടു), അലോൺസ്. സംസ്‌കാരം വെള്ളിയാഴ്ച ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.